ഞങ്ങളുടെ പുഞ്ചക്കുഴി….

ഞങ്ങളുടെ പുഞ്ചക്കുഴി…..ചിത്രം, ബെന്നി കല്ലൂർ

കേരളചരിത്രത്തിൽ എഴുതാൻ വിട്ടുപോയ ഒരു പഴയ ടൗൺ ആണ് പുഞ്ചക്കുഴി. പുഞ്ച എന്ന പേര് എങ്ങനെ വന്നുവെന്ന് ഒരു പിടിയും ഇല്ല. കുഴികൾ അവിടെ ഇഷ്ടം പോലെയുണ്ടായിരുന്നു.ഈ പ്രദേശം ഒരു അൻപതടി താഴ്ചയിൽ കുഴിച്ചു നോക്കിയാൽ മൂടികിടക്കുന്ന ചരിത്രം പൊക്കി കൊണ്ടുവന്ന് ഒരു ടൂറിസ്റ്റ് കേന്ദ്രം ആയിതീരാനുള്ള സാദ്ധ്യത തള്ളി കളയാവാനില്ല.

എൻറ ചെറുപ്പകാലത്ത് അവിടെ നാടോടി സർക്കസ്സുകാരുടെ അഭ്യാസങ്ങൾ കണ്ടിട്ടുണ്ട്.വയർ നിറയെ വെള്ളം കുടിച്ച് കൂട്ടത്തിൽ ചെറുമീനുകളേയും ഓരോന്നായി വിഴുങ്ങുന്നു. കാണികളോട് നന്നായി കൈയ്യടിക്കാൻ പറഞ്ഞതിനു ശേഷം, ബലം പിടിച്ച് രണ്ടു കൈകൊണ്ടും കീഴ്വയർ അമർത്തുമ്പോൾ വെള്ളവും മീനുകളും വായിലൂടെ പുറത്തേക്ക് വരുന്നു. ഒരു ക്ലൈമാക്സ് എന്ന നിലയിൽ കക്ഷി നിന്നനിൽപ്പിൽ നാലുഭാഗത്തേക്കും തിരിഞ്ഞ് വെള്ളം മുഴുവനും പുറത്തേക്ക് ചീറ്റിക്കുന്നതോടെ അവസാനത്തെ മീനും പരുക്കൊന്നും ഏൽക്കാതെ നിലത്തേക്ക്…… കൈയ്യടി. പിന്നെ ചെറിയ പിരിവ്, അടുത്ത സ്ഥലത്തേക്ക് യാത്ര തുടരുന്നു.

നാലു ആൾ പൊക്കത്തിൽ രണ്ടു തെങ്ങുകൾക്കിടയിൽ കയർ വലിച്ചു കെട്ടി അതിൽ തൂങ്ങി കീഴ്മേൽ മറിഞ്ഞ് ട്രപ്പീസ്, ഒരു കുട്ടിയെ ഒരു മുളയുടെ അറ്റത്ത് കിടത്തി, സാവധാനം ഉയർത്തി പിടിച്ച് കാഴ്ചക്കാരെ സ്തബധരായി നിർത്തി, ചെണ്ടയടി മുറുകുന്നതോടെ കോലു് തട്ടികളഞ്ഞ് കുട്ടി അയാളുടെ കൈകളിലേക്ക് വീഴുന്നു. ജനം ശ്വാസം പിടിച്ചു നിൽക്കുന്നു. കുട്ടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന സന്തോഷം.. വിരിച്ചിരിക്കുന്ന തുണിയിലേക്ക് ചില്ലറ എറിയുന്നു.

രാഷ്ട്രീയമായി ഒരുവിധം നല്ല പ്രവർത്തനമുള്ള സ്ഥലം ആയിരുന്നു പുഞ്ചക്കുഴി. തെരഞ്ഞെടുപ്പ് അടുത്താൽ വലിയ അടക്കാമരം നാട്ടി അതിൽ ഓരോ പാർട്ടികളുടേയും കൊടികൾ പാറിക്കളിക്കും, വൈകുന്നേരങ്ങശളിൽ അല്ലറ ചില്ലറ കശപിശയും ഉണ്ടാകുമായിരുന്നു.

പുഞ്ചക്കുഴിയിലും പരിസരങ്ങളിലും ഒരാളെ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി കളിപ്പേരുകൾ കൂട്ടി വിളിക്കുമായിരുന്നു. വിളിക്കുന്നവനോ, വിളി കേൾക്കുന്നവനോ യാതൊരു പരിഭവമോ വഴക്കോ ഇല്ലായിരുന്നു.കുറേ അധികം കാലം കൊണ്ട് പേരുകൾ കൂടി കൂടി വന്നു. ചെറുതും വലുതുമായ മൃഗങ്ങൾ, പക്ഷികൾ, കരണ്ടുതിന്ന് ജീവിക്കുന്നവ, ചോരകുടിക്കുന്നത്, രാത്രിയിൽ ഇരതേടുന്നത്, കറിതാളിക്കാൻ ഉപയോഗിക്കുന്ന എണ്ണയുടെ പേര്, എന്തിന് ഒരു പാവം മനഷ്യന് ശ്രീ ശബരിമല അയ്യപ്പസ്വാമിയുടെ വാഹനമായ വന്യമൃഗത്തിൻറ പേര്…. അങ്ങിനെ അനേകം പേരുകൾ.ഇതാരെടാ…. ഇത്രയും ഭംഗിയുള്ള പേരുകൾ കണ്ടുപിടിക്കുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. എല്ലാം കഴിഞ്ഞു പോയ കാലം…….

നമ്മുടെ ടൗണിന് കുറച്ച് തെക്കു പടിഞ്ഞാറായി അൽപ്പം വ്യത്യസ്ഥതയുള്ള ഒരാളുണ്ടായിരുന്നു. വെള്ള ഷർട്ടും മുണ്ടും തോളത്ത് ഒരു ടവ്വൽ, കൈയ്യിൽ മരത്തിൻറ ഒരു ചെറിയ പെട്ടി, മുണ്ട് മടക്കി കുത്താറില്ല, മുഖത്ത് ഒരു പുഞ്ചിരിയോടെ സാവധാനം നടന്നു പോകുന്നതു കാണാം.അത്തറുകാരൻ എന്നാണ് ഞങ്ങൾ അദ്ദേഹത്തെ വിളിക്കുന്നത്. അയാൾ അടുത്തുകൂടി പോകുമ്പോൾ നല്ല മണം തോന്നും.വെയിലത്ത് നടന്നു ക്ഷീണിക്കുമ്പോൾ അയാൾ ചായകടയിലേക്ക് കയറും. പെട്ടി മേശക്കുമുകളിൽ വച്ച്, തോളത്തുനിന്നും ടവ്വൽ എടുത്ത് മുഖവും കഴുത്തും തുടക്കും. ചയകടയിൽ പതിവായി പത്രം വായിക്കുവാൻ വരുന്നവരും പിള്ളേരുസെറ്റൊക്കെ കാണും. അവർ കൗതുകത്തോടെ പെട്ടിയുടെ മുൻവശത്തുള്ള ചില്ലിലൂടെ അകത്തേക്ക് നോക്കും.കോർക്ക് കൊണ്ട് അടച്ച കുഞ്ഞുകുപ്പികൾ, മൂക്കിൽ വലിക്കുന്ന പൊടി ഇട്ടുവയ്ക്കുന്നതു പോലെയുള്ള പാട്ടകൾ ഡപ്പികൾ, ചുവന്ന കടലാസ്പൊതികൾ, ചതുരത്തിലുള്ള കുപ്പികൾ, അങ്ങിനെ സാധാരണ കാണാത്ത വസ്തുക്കൾ.അയാൾ കൈകാലുകൾ നീട്ടി കൈകൾ കുടഞ്ഞു. ചായകടക്കാരൻ ഒരു ഗ്ലാസ്സ് വെള്ളവും ചായയും മുൻപിൽ കൊണ്ടുവന്ന് വച്ചു.പത്രം മുഴുവനും വായിച്ച് രാഷ്ട്രീയം പറയുന്നവരും നാട്ടുവിശേഷങ്ങൾ ചർച്ച ചെയ്യുന്നവരും അവർ തമ്മിലുള്ള തർക്കങ്ങളും ചായകടയിൽ പതിവാണ്. അവരും തൽക്കാലം ശാന്തരായി പെട്ടിയിലേക്കും അത്തറുകാരനിലേക്കുമാണ് ശ്രദ്ധ.

ചായ കുടിച്ചതിനുശേഷം അയാൾ പെട്ടിയുടെ താഴെയുള്ള വലിപ്പ് തുറന്നു. കുപ്പിയെടുത്ത് കോർക്ക് തുറന്നു അൽപം പഞ്ഞി മുകളിൽ വച്ച് കുപ്പി പതിയെ ചരിച്ചു. അടുത്തിരുന്ന ചെറുപ്പക്കാരൻറ കൈതണ്ടയിൽ പഞ്ഞി മുട്ടിച്ചു. ചുറ്റുപാടും ഉണ്ടായിരുന്നവർ കൈകൾ നീട്ടി, അയാൾ അവരുടെ കൈകളിലും പഞ്ഞി തൊടുവിച്ചു.യുവാവ് കൈതണ്ട മൂക്കിനടുത്തേക്ക് വച്ച് ആഞ്ഞു വലിച്ചു. കൈതപ്പുവിൻറ മണം, നല്ല മണം മറ്റുള്ളവരും പറഞ്ഞു.സിംഗപ്പൂരിൽ നിന്നും വരുന്നതാണ്. . റോസ്, ജാസ്മിൻ, ചന്ദനം, ലോട്ടസ്, എന്തു വേണം, പലതരം സെൻറുകളുണ്ട് വില കൂടിയതും കുറഞ്ഞതും, സാമ്പിൾ കുപ്പികൾ തൊട്ടു കാണിച്ചു കൊണ്ട് പറഞ്ഞു.എപ്പോഴും കാൽനടയായാണ് യാത്ര, ഒരു മെഡിക്കൽ റപ്രസൻറിൻററീവ്ൻറ ഭാവം എന്നു പറയാം. നല്ല പെരുമാറ്റം വൃത്തിയായ വേഷം.മുസ്ളീങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്താണ് അയാൾ കുടുതലും സന്ദർശിക്കുന്നത്.അൻപത് വർഷം മുൻപ് ഗൾഫിൽ നിന്നും ബ്രൂട്ടും ടൈഗർബാമും മറ്റു സുഗന്ധ സ്പ്രേകളും വരാൻ തുടങ്ങിയിട്ടില്ല.നാട്ടിൽ അന്നു കിട്ടാവുന്ന മണമുള്ള സോപ്പുകൾ ചന്ദ്രിക, ശശീന്ദ്ര, മൈസൂർ സാൻഡൽവുഡ്, അൽപം വിലകൂടിയ പിയേർസും മോട്ടിസോപ്പും പിന്നെ ആരോഗ്യത്തിന് വേണ്ട ലൈഫ്ബോയ് എവിടേയും കിട്ടും.പൗഡറിന് അന്ന് നല്ല ചിലവാണ്. കുട്ടികൂറയും പോൺഡ്സും മണമുള്ള ടാറ്റായുടെ ഹെയർഓയിലും, ചിലരെങ്കിലും സ്നോ ഉപയോഗിക്കുമായിരുന്നു. അഫ്ഗാൻ സ്നോ അൽപം മുഖത്തു പുരട്ടി മുകളിൽ ലേശം കുട്ടിക്കുറ പൗഡറിട്ടാൽ ചാരം പൂശിയപോലെ തോന്നുമെങ്കിലും നല്ല ഹൃദ്യമായ ഗന്ധമായിരുന്നു.

സ്ഥിരമായി അത്തറുകാരൻ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ അയാൾ ചെല്ലുമ്പോൾ ജനം ചുറ്റും കൂടും, പരിചയമുള്ള വീടിൻറ തിണ്ണയിൽ പെട്ടി വയ്ക്കുന്നതോടെ അയൽവക്കത്തുകാരും അവിടെയെത്തും.അയാൾ സെൻറു കുപ്പികൾ തുറന്ന് പഞ്ഞിയിൽ മുക്കി എല്ലാവർക്കും കൊടുക്കും, കുട്ടികളുടെ കൈതണ്ടയിലും. ഓരോരുത്തർക്കും ഇഷ്ടപ്പെടുന്നതും പലതായിരിക്കും ചിലർക്ക് റോസ് ആണെങ്കിൽ മറ്റുള്ളവർക്ക് ജാസ്മിനോ കൈതപ്പുവോ ആയിരിക്കും. ഇഷ്ടപ്പെടുന്നവർ വാങ്ങിക്കും, കൂടെ അൽപ്പം പഞ്ഞി ഫ്രീ….. അത്തർ അൽപം പഞ്ഞിയിൽ മുക്കി ചെവിയുടെ ഉള്ളിലെ മടക്കിൽ വച്ചാൽ കുളിക്കുന്നതു വരെ അവിടെയുണ്ടാകും പോകുന്ന വഴിക്കെല്ലാം പരിമളവും.സുറുമയെഴുതാനും ഇവർക്ക് വലിയ ഇഷ്ടമാണ്, കണ്ണിന് തണുപ്പും നല്ല കുളിർമ്മയും കിട്ടും, അന്നത്തെ കൺമഷി പുരട്ടി പെണ്ണുങ്ങൾ പോകുന്നതു കാണാൻ നല്ല ഭംഗിയായിരുന്നു.സാധാരണക്കാർക്ക് താങ്ങാവുന്ന വിലയേ ഉണ്ടായിരുന്നുള്ളു, ആവശ്യക്കാർക്ക് കൊടുക്കുവാൻ വിലകൂടിയ ബ്രാൻഡുകളും അയാളുടെ പക്കൽ ഉണ്ടാകും, ഒരിക്കൽ സന്ദർശിച്ചാൽ ആറുമാസമാകുമ്പോഴേക്കും അയാൾ പുതിയ സുഗന്ധങ്ങളുമായി വീണ്ടും ആ വഴി വരും.സെൻറും അത്തറുമെല്ലാം കോർക്ക് കൊണ്ട് ശരിയായി അടച്ചു വച്ചില്ലെങ്കിൽ ഒന്ന് രണ്ട് ആഴ്ച കഴിയുമ്പോഴേക്കും കുപ്പി കാലിയായിപ്പോകും.പെർഫ്യൂമുകൾ, സുഗന്ധവസ്തുക്കൾ കിട്ടണമെങ്കിൽ ആ കാലത്ത് ആലുവായിലും എറണാകുളത്തും പോകേണ്ടിവരും, മാത്രമല്ല എല്ലാ കടയിലും കിട്ടുകയുമില്ല, വലിയ വില, പിന്നെ ഒരു ദിവസത്തെ യാത്രയും.

താളിചെമ്പരത്തിയും തുളസിയിലയിട്ട് മൂപ്പിച്ച വെളിച്ചെണ്ണയും ഒക്കെയായിരുന്നു അന്നത്തെ പെണ്ണുങ്ങൾ മുടി കഴുകാൻ ഉപയോഗിച്ചിരുന്നത്.അത്തർ, സെൻറ് ചെറുപ്പക്കാർക്കും ഇഷ്ടമായിരുന്നു. ഗൾഫിൽ നിന്നും നാട്ടിലേക്കു വരുമ്പോൾ ബ്രൂട്ടടക്കം സ്പ്രേകളും ഷാമ്പൂവുമെല്ലാം എല്ലാവരും കൊണ്ടു വരുമായിരുന്നു.കാലങ്ങൾ മാറി ഇന്ന് എന്തു വേണമെങ്കിലും എവിടേയും കിട്ടുന്ന സ്ഥിതിയായി.ഞാൻ ഇത് എഴുതുമ്പോൾ, ദൂരെ നിന്നും പതുക്കെ പതുക്കെ അത്തറുകാരൻ അടുത്തേക്ക് വരുന്നതു പോലെ കാണുന്നു…….

സണ്ണി കല്ലൂർ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.